ഒരു ജോസിയൻ രാജകുമാരിയുടെ യാത്ര കുറിപ്പുകൾ
സോൾ (Seoul) , ദക്ഷിണ കൊറിയയുടെ (South Korea ) തലസ്ഥാന നഗരി. ഇഞ്ചിയോൺ വിമാനതാവളത്തിൽ എയർ ഏഷ്യ വിമാനം ഇറങ്ങിയപ്പോൾ ഒരു ജീവിതാഭിലാഷം സാധിച്ചപോലെയായിരുന്നു മനസിൽ, കൊറിയൻ ഡ്രാമയോടും, JKS (Jang Kuen Suk ) എന്ന ആർട്ടിസ്റ്റിനോടുള്ള അളവറ്റ ആരാധനയിലും തുടങ്ങിയ കൊറിയൻ സന്ദർശനം എന്ന അഭിലാഷം ഇതാ പൂർത്തീകരിക്കപെട്ടിരിക്കുന്നു. ഞാൻ സ്വപ്നം കാണുകയാണോ എന്ന് ഒരുനിമിഷം തോന്നിപോയി.
കൊറിയയിലെ പ്രധാനപ്പെട്ട കൊട്ടാരങ്ങളെല്ലാം സന്ദർശിക്കുക എന്നതായിരുന്നു ആദ്യ ദിവസത്തെ അജണ്ട. ഒരുപാട് കൊറിയൻ ഡ്രാമാകളിലൂടെ കണ്ടു പരിചയിച്ച ധാരാളം ചരിത്രമുറങ്ങുന്ന ആ വലിയ കൊട്ടാരങ്ങൾ നേരിട്ടുകാണാനുള്ള അവസരം അങ്ങനെ ഒത്തുകിട്ടി . ഏറ്റവും പ്രസിദ്ധമായ 4 കൊട്ടാരങ്ങൾ ആണ് ഉള്ളത് ഗ്യോങ്ബോക്ഗുങ് , ചങ്ദെഗുങ് ,ചങ്ജിയോങ്ക്ഗുങ്, ഡൊക്സുഗുങ് എന്നിങ്ങനെയാണ് കൊട്ടാരങ്ങളുടെ പേരുകൾ . ഇതിൽ ഗ്യോങ്ബോക്ഗുങ് , ചങ്ദെഗുങ് എന്നിവ കാണുവാൻ ആയിരുന്നു ഞങ്ങൾ തീരുമാനിച്ചത് .
ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ സിഞ്ചോൺ സബ്വേ സ്റ്റേഷൻ, മ്യോങ്ദോങ് ഷോപ്പിങ് ഡിസ്ട്രിക്ട്, ഇന്സാഡോങ് കൾചറൽ ഡിസ്ട്രിക്ട് എന്നിവയ്ക്ക് സമീപം ആയിരുന്നു. അവിടെ നിന്നും കൊട്ടാരങ്ങളുടെ അടുത്തേക്ക് സബ്വേ വഴി ഏകദേശം ഇരുപതു മിനിറ്റ് യാത്രയുണ്ട് . സോളിലെ ഏറ്റവും സൗകര്യപ്രദവും ചിലവുകുറഞ്ഞതുമായ യാത്ര സംവിധാനമാണ് സോൾ മെട്രോപൊളിറ്റൻ സബ്വേ . കൊട്ടാരത്തിനു ഏറ്റവും അടുത്തുള്ള സ്റ്റേഷനായ അങ്കുക്ക് സ്റ്റേഷനിലേക്ക് സബ്വേ കൂടാതെ ബസ് സെർവീസുകളും ഉണ്ട്..
ഞങ്ങൾ ഹോട്ടലിൽ നിന്ന് നേരത്തെ ഇറങ്ങിയിട്ട് ആദ്യം പോയത് ചങ്ദെഗുങ് പാലസിലേക്കാരുന്നു.ഗ്യോങ്ബോക്ഗുങ് പാലസ് തൊട്ടടുത്ത് തന്നെയാണ്.
വലുപ്പത്തിൽ ഗ്യോങ്ബോക്ഗുങ് പാലസിന്റെ അത്രയും ഇല്ലെങ്കിലും ജോസിയൻ രാജവംശത്തിന്റെ കൊട്ടാരങ്ങളിൽ തന്നെ പ്രകൃതിയേ ഒട്ടും നശിപ്പിക്കാതെ മേബോങ് കൊടുമുടിക്കും ബുഗാക്സാൻ പർവ്വതത്തിനും ഇടയിലായി മനോഹരമായ ഗുംച്ചിയോൻ നദിയുടെ കരയിലായി നിർമിച്ച ബ്രിഹത്തായ ഒരു കൊട്ടാരമാണ് ചങ്ദെഗുങ് . ഈ കൊട്ടാരം ഏകദേശം 600 വർഷങ്ങളോളം പഴക്കം ഉള്ളതും 1997 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്, 1592 ൽ, ജാപ്പനീസ് കടന്നുകയറ്റത്തിൽ അഗ്നിക്ക് ഇരയാക്കപ്പെടുകയും പിന്നീട് 1609 ൽ , പുനർനിർമ്മിക്കപ്പെടുകയും ചെയ്തു . പിന്നീടുണ്ടായ പല പ്രെക്ഷോഭങ്ങളിലും വീണ്ടും ഇത് തകർക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .
₩10,000 കൊറിയൻ വൺ ( ഏകദേശം 634 രൂപ) മുടക്കി റോയൽ ഷ്റൈൻ പാസ്സ് എടുത്താൽ എല്ലാ കൊട്ടാരങ്ങളും റോയൽ ഷ്റൈനും അതെ ടിക്കറ്റിൽതന്നെ നമുക്ക് കാണാൻ സാധിക്കും മാത്രമല്ല ഇതിന് 3 മാസങ്ങൾ വരെ കാലാവധിയുമുണ്ട്. അല്ലെങ്കിൽ ഓരോ പാലസിനിയായി പ്രേത്യേകം ₩3,000 കൊറിയൻ വൺ കൊടുത്തു ടിക്കറ്റ് എടുക്കേണ്ടിവരും .
ഹാൻബോക് ( hanbok ) എന്ന കൊറിയയുടെ പരമ്പരാഗത വസ്ത്രം അണിഞ്ഞു ചെന്നാൽ കൊട്ടാരത്തിലേക്കു സൗജന്യമായി പ്രവേശനം ലഭിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിഭിന്നമായ തരത്തിലുള്ള ഹാൻബൊക് ഉണ്ട്. കൊട്ടാരത്തിനു മുന്നിൽ തന്നെ ഈ വസ്ത്രങ്ങൾ വാടകക്ക് നൽകുന്ന കടകളും ഉണ്ട് . ₩10,000 കൊറിയൻ വൺ ( ഏകദേശം 634 രൂപ ) ആണ് 2 മണിക്കൂർ നേരത്തേക്ക് വാടക . വസ്ത്രത്തിനു ഉതകുന്ന മറ്റുള്ള അനുബന്ധ സാധനങ്ങൾ കൂടി വേണമെങ്കിൽ ₩5,000 കൊറിയൻ വൺ ( ഏകദേശം 317 രൂപ ) കൂടി നൽകേണ്ടിവരും. അതിനു ശേഷം അവർ തന്നെ നമ്മളെ ഒരു ജോസിയൻ രാജകുമാരിയായി അണിയിച്ചൊരുക്കും.ചില ഷോപ്പുകാർ അനുബന്ധ സാധനങ്ങൾ സൗജന്യമായി നൽകാറുണ്ട്.അങ്ങനെ ഉള്ള ഒരു ഷോപ്പിൽ നിന്ന് ഞാനും ഒരെണ്ണം അങ്ങ് വാടകക്ക് എടുത്തു. പക്ഷെ നിതിൻ (കെട്ടിയോൻ) ഹാൻബോക് ധരിക്കാൻ തയ്യാറാകാത്തതിനാൽ ₩3,000 കൊറിയൻ വൺ കൊടുത്തു പാസ് എടുത്തു കയറേണ്ടി വന്നു.
കൊട്ടാരത്തിനുള്ളിലൂടെ നമ്മൾ നടന്നു തുടങ്ങുമ്പോളാണ് മനസിലാകുന്നത് എത്രത്തോളം പ്രകൃതിയോട് ഇണങ്ങിയാണ് അവയുടെ നിർമാണംനടന്നതെന്ന്. മാത്രമല്ല ഇക്കാലമത്രയും ഒരു കേടുപാടും കൂടാതെ അതിനെ സംരക്ഷിക്കുക എന്നത് അതിലേറെ പ്രശംസനീയം തന്നെയാണ്. അതിനുള്ളിലെ കുളിർമ്മയും ശാന്തതയും മനോഹാരിതയും മനസിനെ വശീകരിക്കാൻ പോന്നവ തന്നെ ആണ്. ഞാനും കുറച്ചു നേരം അതിൽ മയങ്ങി എന്നത് സത്യം !!!
ഒരു ദിനത്തിന്റെ പകുതി എങ്കിലും വേണ്ടി വരും പാലസിന്റെ എല്ലാ ഭാഗങ്ങളും നടന്നു കാണാനായിട്ട് .പക്ഷെ ഒട്ടും വിരസത തോന്നില്ല നടക്കുമ്പോൾ. നല്ല തണുത്ത കാലാവസ്ഥ, നല്ല വെയിലുണ്ടാരുന്നു പക്ഷെ ചൂട് അറിയില്ല കാരണം ശിശിരകാലം കഴിഞ്ഞിട്ട് അധികമായില്ല .പിന്നെ ഹാൻബൊക് ഒക്കെ ധരിച്ചു കുറച്ചു നേരത്തേക്കെങ്കിലും ഒരു രാജകുമാരി ആയി , എനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു . ആയിരക്കണക്കിന് വർഷങ്ങൾ പുറകോട്ട്, ആ പഴയ ജോസിയൻ രാജഭരണകാലത്തേക്ക് പോയപോലെ തോന്നും നമുക്ക്. സോൾ സന്ദർശിക്കുമ്പോൾ ഒരുപാട് ചരിത്രമുറങ്ങുന്ന ഈ പാലസ് ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നാണ്.
കൊട്ടാരത്തിനു പിന്നിലായി ഹുവോൺ എന്ന ഒരു നിഗൂഢ പൂന്തോട്ടം ( Secret Garden ) ഉണ്ട്!! തേജോങ് രാജാവിന്റെ ഭരണ കാലത്ത് രാജ കുടുംബാംഗങ്ങളുടെ വിശ്രമ വേളകൾ ആനന്ദകരമാക്കുവാൻ വേണ്ടി നിർമ്മിച്ചതാണത്രേ, പ്രത്യേകം പാസ് , ടൂർ ഗൈഡ് എന്നിവയില്ലാതെ അവിടം സന്ദർശിക്കാൻ കഴിയുകയില്ല മാത്രമല്ല ഏകദേശം ഒന്നര മണിക്കൂറോളം വരുന്ന ടൂർ എടുത്താൽ ബാക്കി അന്നത്തെ ദിവസം അജണ്ട പുനർനിർമ്മിക്കേണ്ടി വരും എന്ന ഭീതി കാരണം ഞങ്ങൾ അതൊഴിവാക്കി , നേരത്തെ ഈ സീക്രെട് ഗാർഡൻ സന്ദർശിച്ചിട്ടുള്ള സഞ്ചാരികൾ പറഞ്ഞത് പ്രകാരം വസന്ത കാലത്തു നിറയെ പലവർണ്ണങ്ങളിലുള്ള പൂക്കൾകൊണ്ടും ശരത്ക്കാലമാകുമ്പോഴേക്കും പൂക്കളൊക്കെ കൊഴിഞ്ഞു ചുമപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ഇലകൾ കൊണ്ടും നിറയുമെന്നാണ് . പിന്നെ ഓരോ സീസണിലും ഓരോ ഭംഗി ആണത്രേ. അതി മനോഹരമായ കൽപ്പടവുകൾ കെട്ടിയ കുളങ്ങളും അരുവികളും നിറയെ മരങ്ങളും നിറഞ്ഞ ആ പൂന്തോട്ട യാത്ര ഇനിയൊരിക്കൽ വീണ്ടും ഇവിടേയ്ക്ക് വന്നാൽ തീർച്ചയായും പോകണം എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു .
കൊട്ടാരത്തിലെ ബാക്കി ഭാഗങ്ങൾ കണ്ടു നീങ്ങിയ ഞങ്ങൾക്കു മുന്നിലേക്ക് ഒരു കൂട്ടം കൊറിയൻ കുട്ടികൾ എത്തി അവർക്കു ഇന്ത്യയിൽ നിന്നെത്തിയ ജോസിയൻ പ്രിൻസസിന്റെ ഒപ്പം ഒരു ചിത്രം പിടിക്കണം അത്രേ !!!
ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം കൊട്ടാരത്തിനുള്ളിലുള്ള ചെറിയ കഫേ യിൽ നിന്നും ലഘുഭക്ഷണം കഴിച്ചു പതുക്കെ പുറത്തേക്കു … വാടകക്ക് എടുത്ത വസ്ത്രം തിരിച്ചു നൽകി ഗ്യോങ്ബോക്ഗുങ് കൊട്ടാരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു നീങ്ങി.
പിന്നെ ഞങ്ങൾ പോയത് ഗ്യോങ്ബോക്ഗുങ് കൊട്ടാരത്തിലേക്കാരുന്നു. കൊറിയയിലെ തന്നെ ഏറ്റവും വലുതും ഭംഗിയേറിയതും അതിലുപരി തിരക്കുള്ളതുമായ കൊട്ടാരമാണ് ഗ്യോങ്ബോക്ഗുങ്. ഈ കൊട്ടാരവും അതിന്റെ അകത്തളങ്ങളും പണ്ട് ജാപ്പനീസ് കടന്നുകയറ്റ കാലത്ത് ഇമ്ജിൻ യുദ്ധത്തിൽ അകെ കത്തിക്കരിഞ്ഞു നാമാവശേഷമായിപോവുകയും പിന്നീട് ഗോജോങ് രാജാവിന്റെ ഭരണകാലത്ത് പുനർനിർമ്മിക്കപ്പെടുകയും ചെയ്തു. ഇവിടെയും പ്രേവേശന ഫീസ് ഒരാളിന് ₩3,000വൺ തന്നെ ആണ്. പക്ഷെ ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ ഹാൻബൊക് ധരിച്ചു വരുന്നവർക്ക് പ്രേവേശനം സൗജന്യമാണ് . കൂടാതെ എല്ലാ മാസത്തിലെയും അവസാനത്തെ ബുധനാഴ്ച ആർക്കുവേണമെങ്കിലും സൗജന്യമായി കൊട്ടാരത്തിൽ പ്രേവേശിക്കാം . എന്റെ ഹാൻബൊക് തിരിച്ചു കൊടുത്തകൊണ്ട് ഈ തവണ ഞാനും ഒരു ടിക്കറ്റ് എടുക്കേണ്ടി വന്നു. മറ്റു ചില പ്രധാനപ്പെട്ട സ്ഥലങ്ങളായ നാഷണൽ പാലസ് മ്യൂസിയവും നാഷണൽ ഫോക് മ്യൂസിയവും ഈ പാലസ് വളപ്പിൽത്തന്നെയാണ് .
ഈ പാലസിൽ കുറെയേറെ കാഴ്ചകൾ കാണാനുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ഗ്വാൻഹ്വമുൻ ഗേറ്റ് , കൊറിയയിലെ ഏറ്റവും വലിയ മരകൊത്തുപണിയുള്ള ഗ്യുങ്യോങ്ജോങ് ഹാൾ , സജോങ്ജോങ് ഹാൾ ,രാജാവിന്റെയും റാണിയുടേയും അന്തപ്പുരങ്ങൾ ,ഹ്യാങ്വോങ്ജോങ് മണ്ഡപം , ഹ്യോങ്ഹോരു മണ്ഡപം എന്നിവയാണ് . ഹ്യാങ്വോങ്ജോങ് മണ്ഡപവും ചുറ്റുപാടും എന്തോ പുതുക്കിപ്പണികൾ നടക്കുന്നകാരണം ആർക്കും അങ്ങോട്ട് പ്രേവേശനം ഇല്ലാരുന്നു. വലിയ കാർഡ്ബോർഡ് കൊണ്ടുള്ള മതിൽ കെട്ടി അടച്ചേക്കുകയാരുന്നു . വസന്തകാലത്തിന്റെ വരവോടെ ചെറിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന ആ മനോഹരമായ നിർമ്മിതിയിലേക്ക് കടക്കാൻ ഞങ്ങൾക്ക് ആയില്ലല്ലോ എന്നൊരു ചെറിയ വിഷമത്തോടെ ഞങ്ങൾ മെല്ലെ നടന്നു നീങ്ങി. എന്നിരുന്നാലും കുറെ കഷ്ടപ്പെട്ട് മതിലിനു മുകളിലൂടെ കുറച്ചു ചിത്രങ്ങൾ എടുക്കാൻ മറന്നില്ല .
പിന്നെയുള്ളത് ഈ കൊട്ടാരത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഹ്യോങ്ഹോരു മണ്ഡപമാണ് . ഇത് രണ്ടു നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള ഒരുപാട് ചിത്രപ്പണികളുള്ള വലിയൊരു മണ്ഡപമാണ് . ഒരു വലിയ താമര കുളത്തിനു നടുക്കായി നിലകൊള്ളുന്ന ഈ മണ്ഡപം പണ്ട് വലിയ സൽക്കാര ചടങ്ങുകൾക്കും ,നൃത്തസന്ധ്യകൾക്കുമൊക്കെ ഉപയോഗിച്ചിരുന്നതാണ് നാലുവശങ്ങളും തുറന്ന ഒരു നിർമ്മിതി കൂടി ആണ് ഇതിന്റേത് . ഇതിന്റെ ഉള്ളിലേക്ക് പ്രേത്യേക അനുമതി വാങ്ങിയാൽ കയറാൻപറ്റും എന്ന് കേട്ടു . പക്ഷെ ആരും അങ്ങോട്ടേക്ക് പോകുന്നതായി ഞങ്ങൾ കണ്ടില്ല. കുളത്തിന്റെ മറുകരയിൽ നിന്ന് നോക്കിക്കാണാനും ചിത്രങ്ങൾ എടുക്കാനും മാത്രമേ പറ്റിയുള്ളൂ ഞങ്ങൾക്ക് . അതിന്റെ മുന്നിൽ നിന്ന് ചിത്രങ്ങൾ എടുക്കാൻ അവിടെ ആളുകളുടെ വലിയ നിരതന്നെയായിരുന്നു .
ചങ്ദെഗുങ് പാലസിൽ നിന്ന് ഗ്യോങ്ബോക്ഗുങ് പാലസിലേക്ക് നടക്കാവുന്ന ദൂരം മാത്രമേ ഉള്ളു. ഒരുദിവസം കൊണ്ട് ഈ രണ്ടു കൊട്ടാരങ്ങളും മ്യൂസ്സിയങ്ങളും കണ്ടുതീർക്കാവുന്നതാണ്. നിങ്ങൾ സോൾ സന്ദർശിക്കുമ്പോൾ പ്രധാനപ്പെട്ട ഈ രണ്ടു പാലസുകളെങ്കിലും സന്ദർശിക്കാൻ വിട്ടുപോകരുത് കാരണം അത്രയേറെ ചരിത്രങ്ങൾ അവയ്ക്ക് നമ്മോടു പറയാനുണ്ട്. കൊട്ടാരങ്ങളുടെ സന്ദർശനം കഴിഞ്ഞു നമ്മൾ പുറത്തു വരുന്നത് മനസ്സിൽ ഒരുപിടി നല്ല ഓർമകളും ആയിട്ട് ആയിരിക്കും. ആ ഓർമ്മകൾ അയവിറക്കി കൊണ്ട് അടുത്ത മനോഹര സ്ഥലം തേടി ഞങ്ങൾ നടന്നു നീങ്ങി.
ഇവിടേക്ക് എങ്ങനെ എത്താം ?
[സബ്വേ]
അങ്കുക്ക് സബ്വേ സ്റ്റേഷൻ (സോൾ സബ്വേ ലൈൻ 3), എക്സിറ്റ് 3.
കൊട്ടാരത്തിന്റെ പ്രധാനകവാടത്തിൽ എത്താൻ വേണ്ടി സ്റ്റേഷന്റെ മൂന്നാമത്തെ എക്സിറ്റിൽ നിന്ന് നേരെ കിഴക്കോട്ട് ഒരു അഞ്ചു മിനിറ്റ് നടക്കുക.
[ബസ്]
താഴെപ്പറയുന്ന ഏതെങ്കിലും ബസിൽ കയറി ചങ്ദെഗുങ് പാലസ് സ്റ്റോപ്പിൽ ഇറങ്ങുക
– ബ്ലൂ ബസ് നമ്പർ. 100, 102, 104, 106, 107, 108, 140, 143, 150, 151, 160, 162, 301, 710
–എയർപോർട്ട് ബസ് നമ്പർ.6011